ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഈ ഗ്രാമത്തിന്റെ പൈതൃകം തേടുമ്പോള്‍ 12-ാം നൂറ്റാണ്ടിനു ശേഷമുള്ള കാലം പെരുമ്പടപ്പ് സ്വരൂപത്തിന്റെ (കൊച്ചി) ചരിത്രവുമായി ബന്ധപ്പെട്ടതാണ്. പഴയന്നൂര്‍, പൊന്നാനിയിലെ വന്നരി, തിരുവഞ്ചിക്കുളം എന്നിവയായിരുന്നു വിവിധ കാലങ്ങളില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനങ്ങള്‍. 1341-ലെ വെള്ളപ്പൊക്കത്തില്‍ കൊടുങ്ങല്ലൂര്‍ തുറമുഖം ഏക്കലടിഞ്ഞ് ഉപയോഗശൂന്യമായതും, കൊച്ചി തുറമുഖം വികസിച്ചതും, കോഴിക്കോട് സാമൂതിരിയുടെ ഭീഷണിയും മൂലം ആസ്ഥാനം പിന്നീട് കൊച്ചിയിലേക്ക് മാറ്റാന്‍ ഇടയായി. 1498-ല്‍ കോഴിക്കോട്ടെത്തിയ വാസ്കോഡിഗാമ വ്യാപാര ബന്ധത്തിനു പുറമേ, രാജ്യകാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. 1502-ല്‍ 20 കപ്പല്‍ നിറയെ പടയാളികളുമായി വന്ന് ഗാമ കൊച്ചിയില്‍ ആധിപത്യം ഉറപ്പിക്കുകയും, കുരുമുളകും, ഏലവും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും യഥേഷ്ടം കടത്തുകയും ചെയ്തു. 1503-ല്‍ പോര്‍ച്ചുഗീസുകാരുടെ സഹായത്തോടു കൂടി ഇടപ്പള്ളി രാജാവിനെയും, സാമൂതിരിയെയും തോല്പിച്ച് മേല്‍കൈ നേടാനും കൊച്ചിക്ക് കഴിഞ്ഞു. 1505-ല്‍ ഗണ്യമായ സ്വാധീനം നേടിയ പോര്‍ട്ടുഗീസുകാര്‍, കൊച്ചിയില്‍ ഒരു വൈസ്രോയിയെ നിയമിക്കുകയും, ഇളയ താവഴിക്കാരെ ഭരണത്തിലെത്തിക്കുകയും ചെയ്തു. 1663-ല്‍ സാമൂതിരിയുടെയും ഇടപ്പിള്ളി, കൊടുങ്ങല്ലൂര്‍ രാജാക്കന്‍മാരുടെയും അഭ്യര്‍ത്ഥന അനുസരിച്ച് ഡച്ചുകാര്‍ കൊച്ചി ആക്രമിച്ച് കീഴടക്കുകയും മൂത്ത താവഴിയിലെ വീരകേരളവര്‍മ്മയെ രാജാവാക്കുകയും ചെയ്തു. കൊച്ചിപടത്തലവനും പ്രധാനമന്ത്രിയുമായിരുന്ന പാലിയത്തച്ചന്റെ പ്രതാപ കാലത്ത് പറവൂര്‍, ആലങ്ങാട്, വടക്കുംകൂര്‍ രാജാക്കന്മാരെ ഡച്ചുകാര്‍ തങ്ങളുടെ കീഴിലാക്കി. 1756-ല്‍ സാമൂതിരി ആലങ്ങാട് ആക്രമിച്ച് തന്റെ വരുതിയിലാക്കി. 1762-ല്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ സഹായത്തോടെ കൊച്ചി രാജാവ് സാമൂതിരിയെ തോല്പിക്കുകയും, കൊച്ചിയുടെ ഭാഗമായിരുന്ന പറവൂരും, ആലങ്ങാടും തിരുവിതാംകൂറിന് സമ്മാനിക്കുകയും ചെയ്തു. ആലങ്ങാടിനെ ഭരണ സൌകര്യത്തിനായി മാഞ്ഞാലി, ആലുവ, അങ്കമാലി, ചെങ്ങമനാട്, പാറക്കടവ്, കോതകുളങ്ങര എന്നിങ്ങനെ 6 പകുതികളാക്കി തിരിച്ചു. ക്രമേണ ആലങ്ങാട് രാജവംശം കറുത്ത താവഴിയെന്നും, വെളുത്ത താവഴിയെന്നും രണ്ടായി പിരിഞ്ഞു. വെളുത്ത താവഴിയുടെ ആസ്ഥാനം ആലങ്ങാട്-കോട്ടപ്പുറം എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു. ആലങ്ങാട് രാജ്യത്തിന്റെ വടക്കേ അതിര് ഇന്നത്തെ കരുമാലൂര്‍ പഞ്ചായത്തിന്റെ അതിരായിട്ടുള്ള പെരിയാര്‍ തന്നെയാണ്. 6 പകുതികളിലൊന്നായ മാഞ്ഞാലി, മൈസൂര്‍ ആക്രമണ കാലത്ത് അവരുടെ സൈനികത്താവളമായിരുന്നു. ടിപ്പുവിന്റെ കോട്ടയുടെയും, കോട്ടയില്‍ നിന്ന് പെരിയാറില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും മാഞ്ഞാലിയിലുണ്ട്. ഹൈദരാലിയുടെ മകനായ ടിപ്പുവിന്റെ പടയോട്ടം തിരുവിതാംകൂറിന്റെ സാമന്തരാജ്യമായ ആലങ്ങാടിനെയും, മൈസൂറിന്റെ കൊടിക്കീഴിലാക്കിയെങ്കിലും (1790) ഈ നില അധിക കാലം തുടര്‍ന്നില്ല. ആലുവപ്പുഴ വിധി മാറ്റി. വേനല്‍ക്കാലത്ത് കടലിലെ ഉപ്പുവെള്ളം മേലോട്ട് കയറാതെ കൃഷിയെ രക്ഷിക്കുവാന്‍ ആറ്റില്‍ മണല്‍ചിറ കെട്ടിയിരുന്നത് ആപത്തില്‍ പരോപകാരം ചെയ്തു. തിരുവിതാംകൂര്‍ സൈന്യം പെട്ടെന്ന് ആ ചിറ വെട്ടിമുറിച്ചു. ആറ്റില്‍ മണല്‍പ്പുറത്ത് യുദ്ധസന്നാഹത്തോടെ നിന്ന മൈസൂര്‍ സൈന്യവിഭാഗം പെരുവെള്ള പാച്ചിലില്‍ കടലിലേക്ക് ഒഴുകിപ്പോയി. തെക്കേ കരയില്‍ കയറിയവരും ടിപ്പുവും തിരുവിതാംകൂര്‍ സൈന്യത്തിന്റെ സമരാഗ്നിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. ആ യുദ്ധത്തിലുണ്ടിയിരുന്ന മൈസൂര്‍ പടയിലെ വേറൊരാളും രക്ഷപ്പെട്ടില്ല. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയെ തുടര്‍ന്ന് കേരളത്തിന്റെ മേലുള്ള മൈസൂര്‍ ആധിപത്യം അവസാനിക്കുകയും, വയനാട് ഒഴികെയുള്ള മുഴുവന്‍ പ്രദേശവും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലാവുകയും ചെയ്തു. കൊച്ചിയും തിരുവിതാംകൂറും അവരുടെ പൂര്‍ണ്ണ സംരക്ഷണം സ്വീകരിച്ചു. പറവൂര്‍, കുന്നത്തുനാട്, ആലങ്ങാട് പ്രദേശങ്ങളുടെ ചുമതല ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുവിതാംകൂറിന് വിട്ടു കൊടുത്തു. 1947 വരെ ഈ ആധിപത്യം തുടര്‍ന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കീഴിലായിരുന്ന നാട്ടു രാജ്യത്തില്‍ പ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സര്‍വ്വാധികാരിയും ടിപ്പുവിനെതിരെ പടനയിച്ചയാളുമായ കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യക്കാര്‍ ജനിച്ച പുരാതനമായ കാഞ്ഞിരക്കാട്ടു തറവാട്ടും കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രവും ഇന്നും കരുമാല്ലൂര്‍ പഞ്ചായത്തിലുണ്ട്. നാടന്‍ കലകളില്‍ ഗവേഷണം നടത്തി പി.എച്ച്.ഡി എടുത്ത വ്യക്തിയും മദ്രാസ് യൂണിവേഴ്സിറ്റി പ്രൊഫസറും വിദേശങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറുമായി സേവനമനുഷ്ഠിച്ച വ്യക്തിയുമായ ഡോ. എസ്.കെ.നായര്‍ ഈ പഞ്ചായത്തില്‍ ജനിച്ചു വളര്‍ന്നയാളാണ്. കളപ്പുരക്കല്‍ കെ.എ.ദാമോദരമേനോനും പറവൂര്‍ ടി.കെ. എന്നറിയപ്പെടുന്ന താഴത്തു വീട്ടില്‍ നാരായണപിള്ളയും വെളിയത്തുനാട്ടിലെ വേഴപ്പിള്ളി കുടുംബാംഗമായ വി.സി.അഹമ്മദുണ്ണിയുമാണ് ദേശീയ സമരവുമായി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കണ്ണികള്‍.